ന്യൂഡെൽഹി: 30 ദിവസമെങ്കിലും തടവിൽ കഴിഞ്ഞ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പുറത്താക്കാനുള്ള ബില്ലിൽ നിന്ന് തനിക്ക് ഇളവ് നേടാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധിച്ചെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു.
ഗുരുതരമായ ക്രിമിനൽ കേസുകളിൽ തുടർച്ചയായി 30 ദിവസം തടവിൽ കഴിയുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പുറത്താക്കാൻ നിർദ്ദേശിക്കുന്ന ബില്ലിൽ തനിക്ക് ഇളവ് ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നാണ് മന്ത്രി പറഞ്ഞത്. ബില്ലുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ചർച്ചയിൽ പ്രധാനമന്ത്രിക്ക് ഇളവ് നൽകണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ, മോദി ഇത് നിഷേധിക്കുകയായിരുന്നു.
”പ്രധാനമന്ത്രിയും രാജ്യത്തെ പൗരനാണ്. അദ്ദേഹത്തിന് പ്രത്യേക സംരക്ഷണം ഉണ്ടാകേണ്ട കാര്യമില്ല. ഭൂരിഭാഗം മുഖ്യമന്ത്രിമാരും നമ്മുടെ പാർട്ടിയിൽ നിന്നാണ്. നമ്മുടെ ആളുകൾ തെറ്റ് ചെയ്‌താൽ അവരെയും പദവികളിൽ നിന്ന് നീക്കണം. ധാർമികതയ്‌ക്കും എന്തെങ്കിലും അർഥമുണ്ടാകണം. ധാർമികതയാണ് കേന്ദ്രബിന്ദുവെന്നതിനാൽ പ്രതിപക്ഷം ഈ ബില്ലിനെ സ്വാഗതം ചെയ്യും”- പ്രധാനമന്ത്രി പറഞ്ഞതായി റിജ്‌ജു പറഞ്ഞു.
Most Read| ‘ട്രംപിന്റെ വിശ്വസ്‌തൻ’; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസിഡർ