തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്‌ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ച് മന്ത്രിസഭായോഗം. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാർ ശക്‌തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് കൂടുതൽ ചർച്ചകൾക്ക് ശേഷം പദ്ധതിക്ക് അംഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാക്കി ഉയർത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ഉയർന്നത്. എന്നാൽ, നയപരമായ തീരുമാനമായതിനാൽ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന പൊതു അഭിപ്രായമാണ് മന്ത്രിസഭയിൽ ഉയർന്നത്.
ആരോഗ്യമേഖലയിൽ ഉൾപ്പടെ കേന്ദ്ര ബാൻഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മിൽ പല പദ്ധതികളിലും തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ മാത്രമായി എതിർപ്പുകൾ മാറ്റിവെച്ച് കേന്ദ്ര പദ്ധതിയുടെ ഭാഗമാകുന്നതിനെ കുറിച്ച് കൂടുതൽ ചർച്ച വേണമെന്നാണ് മന്ത്രിമാർ ഉൾപ്പടെ ആവശ്യപ്പെട്ടത്.
മൂന്നുവർഷമായി തുടരുന്ന എതിർപ്പ് മാറ്റിവെച്ച് പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്‌കൃത സാമ്പത്തിക ഉപരോധം കേന്ദ്രം തുടരുന്നതോടെ കേരളം വഴങ്ങുമെന്നായിരുന്നു റിപ്പോർട്.
എന്നാൽ, ഇക്കാര്യത്തിൽ ശക്‌തമായ എതിർപ്പാണ് സിപിഐ രേഖപ്പെടുത്തിയത്. പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ എതിർപ്പിന് മുഖ്യ കാരണം. സ്‌കൂളിന് മുന്നിൽ പിഎം ശ്രീ സ്‌കൂൾ എന്ന ബോർഡ് വെക്കുന്നതിനെയും സംസ്‌ഥാനം എതിർത്തിരുന്നു.
പിഎം ശ്രീയിൽ ഭാഗമാകാത്തതിന്റെ പേരിൽ കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതോടെ സമഗ്ര ശിക്ഷ കേരളം എസ്എസ്‌കെ വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. ഇതിൽ 280.58 കോടി രൂപ 2023-24ലെയും 513.54 കോടി കഴിഞ്ഞ അധ്യയന വർഷത്തെയും കുടിശ്ശികയാണ്. പുതിയവ അധ്യയന വർഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ