തിരുവനന്തപുരം: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി കഴിഞ്ഞദിവസമാണ് യുവതികൾ വേടനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്.
2020ൽ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ൽ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെയും. പരാതിക്കാരിൽ ഒരാൾ ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. വേടനോട് ആരാധന തോന്നിയാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഇ-മെയിൽ വഴിയാണ് യുവതികൾ പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നും കൂടുതൽ തെളിവുകൾ കൈമാറാനുണ്ടെന്നും യുവതികൾ അറിയിച്ചിട്ടുണ്ട്. ഈ രണ്ട് യുവതികളും നേരത്തെ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു. തൃക്കാക്കര പോലീസ് രജിസ്‌റ്റർ ചെയ്‌ത ലൈംഗിക പീഡനക്കേസിൽ പ്രതിയായ വേടൻ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ, വനിതാ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി പരാതിക്കാരിയെ കക്ഷി ചേർത്തു. ഹരജി ചേർക്കാനുള്ള അപേക്ഷയെ വേടൻ എതിർത്തില്ല. രേഖകൾ ഹാജരാക്കാൻ പരാതിക്കാരിക്ക് നിർദ്ദേശം നൽകിയ ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഹരജി ഇന്ന് പരിഗണിക്കാൻ മാറ്റി.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!