തൃശ്ശൂർ: വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ പാലക്കാട് സൗത്ത് സ്റ്റേഷൻ എസ്.ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ വിജയൻറെ മകൻ മുനിദാസ് (49) ആണ് മരിച്ചത്.
വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ സഹോദരൻ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുനിദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചു മാസമായി മെഡിക്കൽ ലീവിലായിരുന്ന മുനിദാസിനെ കുടുംബ പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അലട്ടിയിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ക്വാർട്ടേഴ്സിൽ ഇദ്ദേഹത്തിന്റെ ഒപ്പം താമസിച്ചിരുന്ന മാതാവ് രോഗബാധയെ തുടർന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയിരുന്നു. വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.