കണ്ണൂർ: കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്. എക്‌സ്‌പ്ളോസീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016ൽ നടന്ന പൊടിക്കുണ്ട് സ്‌ഫോടന കേസിലെ പ്രതിയാണിയാൾ.
അതേസമയം, കണ്ണപുരത്തെ വീട്ടിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമാണെന്നാണ് പോലീസ് നൽകുന്ന വിവരം. പൊട്ടാതെ കിടന്ന വലിയ ഗുണ്ട് വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തി. സ്‌ഫോടനത്തിൽ ഒരാളാണ് മരിച്ചത്. അനൂപിന്റെ ബന്ധു ചാലോട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സ്‌ഫോടനമുണ്ടായത്. വീട് പൂർണമായി തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. സ്‌ഫോടനം നടക്കുമ്പോൾ രണ്ടുപേരാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഗോവിന്ദന്റെ വീടാണ് തകർന്നത്. സമീപത്തെ ഏതാനും വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഭിത്തിയിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
2016 മാർച്ച് 23ന് രാത്രിയിലാണ് പൊടിക്കുണ്ടിലെ വീട്ടിൽ സൂക്ഷിച്ച പടക്ക സാമഗ്രികൾ പൊട്ടിത്തെറിച്ച് 15ഓളം വീടുകൾ പൂർണമായും 30 ഓളം വീടുകൾ ഭാഗികമായും തകർന്നത്. അനൂപ് മാലിക്കിന്റെ വാടക വീട്ടിലാണ് അന്ന് സ്‌ഫോടനമുണ്ടായത്. ഈ സമയത്ത് സ്‌ഥലത്തെ ഭൂരിഭാഗം പേരും സമീപത്തെ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ഉൽസവത്തിന് പോയതിനാലാണ് ആളപായം കുറഞ്ഞത്.
Most Read| ട്രംപിന് കനത്ത തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽ കോടതി വിധി