തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്നതിനിടെ ആശാ വർക്കർമാരോട് പോലീസിന്റെ ക്രൂരത. സമരം നടത്തുന്ന ആശാ പ്രവർത്തകർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപോളിൻ പോലീസ് അഴിപ്പിച്ചു. ടാർപോളിൻ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവർത്തകരെ പുലർച്ചെ മൂന്നുമണിയോടെ വിളിച്ചുണർത്തിയാണ് പോലീസ് ടാർപോളിൻ അഴിപ്പിച്ചത്.
സമരക്കാർ പോലീസ് നടപടിയെ ചോദ്യം ചെയ്തെങ്കിലും അവർ വഴങ്ങിയില്ല. ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ സെക്രട്ടയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം 21ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാ പ്രവർത്തകർ നാളെ നിയമസഭയിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമരം നിയമസഭയിൽ ചർച്ച ചെയ്യുന്ന ദിവസം കൂടിയാണ് നാളെ.
നിയമസഭാ മാർച്ച് നടക്കുന്ന വേളയിൽ പ്രതിപക്ഷം അടിയന്തിര പ്രമേയം അവതരിപ്പിക്കുമെന്നാണ് വിവരം. സർക്കാർ തള്ളിക്കളഞ്ഞാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു സമര സ്ഥലത്തേക്ക് നീങ്ങാനാണ് സാധ്യത. നാടകീയ രംഗങ്ങളിലൂടെ സമരത്തിന് കൂടുതൽ പിന്തുണ ഉറപ്പാക്കാതെ ഇന്ന് തന്നെ രമ്യമായ പരിഹാരം കാണണമെന്ന അഭിപ്രായം സർക്കാരിൽ ചിലർക്കുണ്ട്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി