കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫൊറൻസിക് റിപ്പോർട് ഇന്നലെയാണ് പുറത്തുവന്നത്. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.
ഡാൻസാഫ് സംഘം പരിശോധനയ്‌ക്ക് എത്തിയപ്പോൾ ഷൈൻ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയത് വിവാദമായിരുന്നു. കേരളത്തിൽ സിനിമാ മേഖലയിലടക്കമുള്ള ലഹരിക്കേസിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്. ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന് ബന്ധമില്ലെന്ന് മുൻപ് എക്‌സൈസ് വ്യക്‌തമാക്കിയിരുന്നു. ഈ കേസിൽ പിടിക്കപ്പെട്ട തസ്‌ലീമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്താൻ ഷൈനെ വിളിച്ചുവരുത്തിയിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ അന്ന് മൊഴി നൽകിയത്.
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഷൈനിനെ ഡീ അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയത്. എക്‌സൈസ് വിമുക്‌തി പദ്ധതിയുടെ ഭാഗമായാണ് ഷൈനിനെ ലഹരി വിമുക്‌ത ചികിൽസ നൽകിയത്. കഴിഞ്ഞ ഏപ്രിലിൽ പോലീസിന്റെ ലഹരി പരിശോധനയ്‌ക്കിടെ ഷൈൻ എറണാകുളം നോർത്തിൽ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പോലീസ് പറഞ്ഞത്.
Most Read| വിബി- ജി റാം ജി ബില്ലിൽ ഒപ്പുവെച്ച് രാഷ്‍ട്രപതി






































