പാലക്കാട്: പോലീസ് പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി പോലീസ്. ഇത്തരം വാഹനങ്ങൾക്കെതിരെ രണ്ട് വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദ്ദേശം. പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരത്തിൽ 32 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായി എസ്‌ഐ എം ഹംസ അറിയിച്ചു. ഇതേ തുടർന്നാണ് നടപടി കർശനമാക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
അപകടകരമായ രീതിയിൽ വണ്ടിയോടിക്കുക, പോലീസിന്റെ നിയമപരമായ ആവശ്യപെടൽ നിരാകരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തി വാഹനം ഓടിച്ച വ്യക്‌തിയെ തിരിച്ചറിഞ്ഞ് തുടർനടപടി എടുക്കും. ഇതോടൊപ്പം ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നവർക്കെതിരെയും നടപടി കടുപ്പിക്കും. ഇവർക്കായി ട്രാഫിക് ബോധവൽക്കരണ ക്ളാസ് നൽകും. ഒപ്പം ലേണേഴ്‌സ് ടെസ്‌റ്റിൽ ഉപദേശവും നൽകും.
നിയമലംഘനം നടത്തുന്നവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനക്കാരാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, കേസുകൾ രജിസ്‌റ്റർ ചെയ്‌ത 32 പേർക്കെതിരെ എഫ്‌ഐആർ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. വാഹന രജിസ്ട്രേഷൻ സംബന്ധിച്ച കാര്യങ്ങളിൽ അവ്യക്‌തത ഉണ്ടായാൽ അക്കാര്യവും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
Read Also: കൈക്കൂലി ആരോപണം; ഇൻസ്‌പെക്‌ടർ ഉൾപ്പടെ മൂന്ന് പേർക്ക് സസ്‌പെൻഷൻ