തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) പേട്ടയ്‌ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട് നൽകും. ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് മേഘയുടെ ആൺസുഹൃത്ത് സുകാന്തിനെ കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു.
അതിനിടെ, മേഘയെ സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിൽ എത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയാണെന്ന് പോലീസ് കണ്ടെത്തി. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്നും പോലീസ് കണ്ടെത്തി. വ്യാജ വിവാഹക്ഷണക്കത്ത് ഉൾപ്പടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ഗർഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിൽസാ രേഖകളും പോലീസിന് ലഭിച്ചിരുന്നു. ഗർഭഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തിൽ നിന്ന് സുകാന്ത് പിൻമാറുകയും ചെയ്‌തിരുന്നു. വിവാഹത്തിന് താൽപര്യമില്ലെന്ന് വ്യക്‌തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്‌ക്കാണ് സുകാന്ത് അയച്ചതെന്നും പോലീസ് കണ്ടെത്തി.
തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ നിരാശയിലാണ് മെഹ്ത ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സുകാന്തിനെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇക്കാര്യം പേട്ട പോലീസ് കോടതിയെ അറിയിക്കും. സുകാന്തിനെതിരെ പോലീസ് ആത്‍മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടില്ല. കുറ്റം ചുമത്താനുള്ള കാര്യങ്ങൾ കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ സുകാന്തിനെതിരെ ഗുരുതര വകുപ്പ് ചുമത്തിയിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നും പോലീസ് കോടതിയെ അറിയിക്കും. അതേസമയം, സുകാന്തിനെ കേസിൽ പ്രതിചേർത്ത കാര്യം ഐബിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ സുകാന്തിനെതിരെ വകുപ്പുതല നടപടിയും ഉടൻ ഉണ്ടായേക്കും.
സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്‌ഥൻ സുകാന്ത് കാരണമാണ് മകൾ മരിച്ചതെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു. വിവാഹ വാഗ്‌ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് മേഘയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് കുടുംബത്തിന്റെ പരാതി.
മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടിൽ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകൾ സുകാന്തിന് അയച്ച് നൽകിയിരുന്നു. രാജസ്‌ഥാനിലെ പരിശീലന ക്ളാസിൽ മകൾക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മേയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടിൽ നിന്ന് സുകാന്തിന്റെ അകൗണ്ടിലേക്ക് കൈമാറ്റം ചെയ്‌തത്. 2024 ഒക്‌ടോബർ മുതൽ മുഴുവൻ ശമ്പളത്തുകയും അക്കൗണ്ടിൽ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്‌ത് തുടങ്ങിയെന്നും പിതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽപ്പോയ സുകാന്തിനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ താൻ നിരപരാധിയാണെന്നും ഐബി ഉദ്യോഗസ്‌ഥയുടെ മരണത്തിൽ പങ്കില്ലെന്നുമായിരുന്നു സുകാന്ത് ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി ചെയ്‌തിരുന്ന പത്തനംതിട്ട സ്വദേശിനിയായ മേഘയെ മാർച്ച് 24ന് രാവിലെയാണ് പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം.
പത്തനംതിട്ട അതിരുങ്കൽ കാരയ്‌ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്‌ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. ഫൊറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരുവർഷം മുമ്പാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. കാരയ്‌ക്കാക്കുഴി ക്ഷേത്രത്തിലെ ഉൽസവത്തിൽ പങ്കെടുക്കാൻ ഒരുമാസം മുമ്പാണ് മേഘ അവസാനമായി നാട്ടിലെത്തിയത്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ