പൊന്നാനി: നഗരസഭയുടെ മുഖഛായ മാറ്റുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 4.4 കോടി ചെലവിൽ കേന്ദ്ര-സംസ്‌ഥാന പദ്ധതിയായി പിഎംജെവികെയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിന്റെ വക്കിൽ. വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും.
ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രദേശത്തെ രോഗികൾക്ക് വേഗതയേറിയ ആധുനിക ഡയാലിസിസ് സൗകര്യം ലഭ്യമാകും. രോഗികൾക്കൊപ്പം വരുന്ന വനിതാ കൂട്ടിരിപ്പുകാർക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഉൾപ്പെടെ സെന്ററിൽ തുടങ്ങാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇപ്പോൾ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നതിന്റെ തൊട്ടുപിൻവശത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.
നിലവിൽ 27 ഡയാലിസിസ് മെഷീനുകൾ ഉപയോഗിച്ച് 2 ഷിഫ്റ്റുകളിലായി നൂറിലധികം രോഗികൾക്ക് ഡയാലിസിസ് സൗകര്യം നൽകുന്നുണ്ട്. പൊന്നാനിയിലെ സുമനസുകളുടെ സഹായത്തോടെയാണ് സെന്റർ പ്രവർത്തിക്കുന്നത്. സർക്കാർ തലത്തിൽ നിന്ന് സെന്റർ പ്രവർത്തനത്തിനായി വളരെ കുറച്ച് പണം മാത്രമേ ലഭ്യമാകുന്നുള്ളു.
മൂലധന സമാഹരണത്തിനായും മെഷീനുകൾ സ്പോൺസർ ചെയ്യിപ്പിക്കുന്നതിനായും നഗരസഭയും ഡയാലിസിസ് കോ ഓർഡിനേഷൻ കമ്മിറ്റിയും മാതൃകാപരമായ ഇടപെടലുകളാണ് നടത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഭരണാനുമതിയും ഫണ്ടും ലഭിച്ച പദ്ധതി, ഉദ്യോഗസ്‌ഥ-രാഷ്‌ട്രീയ തലത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടാണ് ഇപ്പോൾ പൂർത്തീകരണത്തിലേക്ക് അടുക്കുന്നത്.
HEALTH | ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം