വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ വേദനയൊഴിയാതെ ലോകം. ഇതിനിടെ മാർപ്പാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ മരണപത്രത്തിൽ പറയുന്നത്.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറയുന്നു. മുൻ മാർപ്പാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഇന്നലെമുതൽ ഒഴുകിയെത്തുന്നത്.
രാത്രിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കെവിൻ ഫെരേലാണ് നേതൃത്വം നൽകിയത്. മാർപ്പാപ്പയുടെ മരണകാരണം വ്യക്തമാക്കി വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നത്. ഇന്ന് വത്തിക്കാനിൽ കർദിനാൾമാരുടെ യോഗം ചേരും. സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം നടക്കും.
അതേസമയം, മാർപ്പാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്രാൻസിസ് മാർപ്പാപ്പായ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും, അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.5നാണ് മാർപ്പാപ്പ കാലം ചെയ്തത്. 88 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞശേഷം മാർച്ച് 23നാണ് അദ്ദേഹം വസതിയിലേക്ക് തിരികെ എത്തിയത്. 2013 ഏപ്രിൽ 13നാണ് 266ആം മാർപ്പാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ജോർജ് മാരിയോ ബിർഗോളിയോയെ തിരഞ്ഞെടുത്തത്.
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജിവെച്ചതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭയുടെ അമരത്ത് എത്തിയത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ





































