വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന്) നടക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കർദിനാൾ കോളജിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്‌റ്റ റെ കാർമികത്വം വഹിക്കും.
തുടർന്ന്, മാർപ്പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ചു അടക്കം ചെയ്യും. സംസ്‌കാര ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കും. തിങ്കളാഴ്‌ച വിടവാങ്ങിയ മാർപ്പാപ്പയുടെ ഭൗതികശരീരം ഇന്ന് രാവിലെ ഒമ്പതുമണിമുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനായി കൊണ്ടുപോയി. ശനിയാഴ്‌ച വരെയാണ് പൊതുദർശനം.
ഉയർന്ന പീഠത്തിലുള്ള പൊതുദർശനം ഒഴിവാക്കും. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ മരണപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറഞ്ഞിരുന്നു.
അതേസമയം, മാർപ്പാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്രാൻസിസ് മാർപ്പാപ്പായ്‌ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും, അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ളേവിന് മേയ് ആറിന് മുൻപ് തുടക്കമാകും.
അതേസമയം, മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സാമൂഹിക മാദ്ധ്യമത്തിൽ കുറിപ്പിട്ട ഇസ്രയേൽ പിന്നാലെ അത് പിൻവലിച്ചു. ”ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ”- ജറുസലേമിലെ പശ്‌ചിമ മതിൽ സന്ദർശിച്ച മാർപാപ്പയുടെ ചിത്രത്തിനൊപ്പം ഇസ്രയേൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. എന്നാൽ, പിന്നാലെ ഇത് പിൻവലിച്ചു. ഇതിന്റെ കാരണം ഇസ്രായേൽ വ്യക്‌തമാക്കിയിട്ടില്ല.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ