ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു

സഭാഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗിക വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്ത മാർപ്പാപ്പ, ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാൻമാർക്കുമെതിരെ കടുത്ത അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു.

By Senior Reporter, Malabar News
Fransis pope_Malabar news

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിൽ പ്രാദേശികസമയം പുലർച്ചെ 7.35നായിരുന്നു അന്ത്യം. 12 വർഷകാലത്തോളം ആഗോളസഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്.

ന്യൂമോണിയ ബാധിതനായി ഗുരുതരാവസ്‌ഥയിൽ 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞശേഷം മാർച്ച് 23നാണ് അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസുമായി കഴിഞ്ഞദിവസം കൂടിക്കാഴ്‌ച നടത്തിയ മാർപ്പാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു.

2013 ഏപ്രിൽ 13നാണ് 266ആം മാർപ്പാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ജോർജ് മാരിയോ ബിർഗോളിയോയെ തിരഞ്ഞെടുത്തത്. ബെനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പ രാജിവെച്ചതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭയുടെ അമരത്ത് എത്തിയത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്.

1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽ ജനിച്ച ജോർജ്  മാരിയോ ബിർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്ക് കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റെയിൽവേ ജീവനക്കാരനായിരുന്നു. അഞ്ചുമക്കളിൽ ഒരാളാണ് ജോർജ്  മാരിയോ.

രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ്  മാരിയോ ബിർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 79 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസ് സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി.

Pope says visit to Ukraine is under consideration

ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം. സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്രകൾ. 2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണപദവികൾ സേവനമനുഷ്‌ഠിച്ചു.

2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നുവർഷത്തിന് ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. സഭയ്‌ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്‌താവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ഭീകരതയും അഭയാർഥി പ്രശ്‌നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു.

ലോകരാഷ്‌ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോട് മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്‌തമായ നിലപാടെടുത്തു.

ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാൻമാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗിക വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്‌തു. മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്.

Most Read| യുഎസ് വൈ. പ്രസിഡണ്ട് ജെഡി വാൻസ്‌ ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE