വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. അവിടെ നിന്ന് നാലുകിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്‌കരിക്കും.
പതിനായിരങ്ങൾ അണമുറയാതെ എത്തിയ പൊതുദർശനത്തിനൊടുവിൽ മാർപ്പാപ്പയുടെ ശവപേടകം ഇന്നലെ അർധരാത്രിയാണ് അടച്ചത്. ആചാരപ്രകാരം പാപ്പയുടെ മുഖം വെള്ളത്തുണികൊണ്ട് മൂടി. ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലത്ത് പുറത്തിറക്കിയ നാണയങ്ങൾ അടങ്ങിയ സഞ്ചിയും മാർപ്പാപ്പയായിരിക്കെ ചെയ്‌ത പ്രവൃത്തികളുടെ ലഘുലേഖയും പേടകത്തിനുള്ളിൽ വെച്ചു.
കത്തോലിക്കാ സഭയുടെ കാമർലെംഗോയും (വസ്‌തുക്കളുടെ ചുമതലക്കാരൻ) അമേരിക്കയിൽ നിന്നുള്ള കർദിനാളുമായ കെവിൻ ഫാരലിന്റെ മുഖ്യകാർമികത്വത്തിൽ, മുതിർന്ന കർദിനാൾമാരുടെ സാന്നിധ്യത്തിലാണ് പേടകം അടച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 2.50 ലക്ഷം പേർ മാർപ്പാപ്പയെ അവസാനമായി കാണാനെത്തി.
സംസ്‌കാര ദിവ്യബലിയിൽ ലോകനേതാക്കൾ ഉൾപ്പടെ പങ്കെടുക്കും. കർദിനാൾ തിരുസംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്‌റ്റ റെ മുഖ്യകാർമികത്വം വഹിക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് കളീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ സഹകാർമികരാകും.
അതേസമയം, രാഷ്‌ട്രപതി ദ്രൗപതി മുർമു പാപ്പയുടെ ഭൗതികശരീരത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. ലോകനേതാക്കൾക്കൊപ്പം രാഷ്‌ട്രപതിയും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി കിരൺ റിജ്‌ജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷ് അഗസ്‌റ്റിൻ എന്നിവരും എത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്‌റ്റാമർ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, അർജന്റീന പ്രസിഡണ്ട് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസിഡണ്ട് ഫെർഡിനൻസ് മാർകസ്, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. അതേസമയം, മാർപ്പാപ്പയുടെ സംസ്‌കാരം പ്രമാണിച്ച് ഇന്ത്യ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ദേശീയ പതാക താഴ്‌ത്തിക്കെട്ടണം. ഔദ്യോഗിക പരിപാടികളും ഒഴിവാക്കും.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ