വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ഓരോ ദിവസവും എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. വത്തിക്കാൻ സമയം ഇന്ന് വൈകീട്ട് ഏഴുവരെയാണ് (ഇന്ത്യൻ സമയം രാത്രി 10.30) പൊതുദർശനം അനുവദിച്ചിരിക്കുന്നത്.
ബുധനാഴ്‌ച മുതലാണ് പൊതുദർശനം തുടങ്ങിയത്. നാളെ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന് ആരംഭിക്കുന്ന സംസ്‌കാര കുർബാനയിൽ ലോകനേതാക്കളും പങ്കെടുക്കും. തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിൽ സംസ്‌കരിക്കും. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്നാണ് മാർപ്പാപ്പ മരണപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു മാർപ്പാപ്പയുടെ വിയോഗം. അതേസമയം, മാർപ്പാപ്പയുടെ സംസ്‌കാരം പ്രമാണിച്ച് നാളെ ഇന്ത്യയും ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ദേശീയ പതാക താഴ്‌ത്തിക്കെട്ടണം. ഔദ്യോഗിക പരിപാടികൾ ഒഴിവാക്കും.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ