വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയുടെ 267ആംമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു. ക്രിസ്‌തു മതം ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണെന്ന് സ്‌ഥാനാരോഹണ ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു.
വിവിധ മതസ്‌ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സഹോദര്യത്തോടെയും മുന്നോട്ടുപോകണം. ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാർപാപ്പ പറഞ്ഞു. ഇത് സ്‌നേഹത്തിന്റെ സമയമാണ്. ലോക സമാധാനത്തിനായി ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേക്ക് നടക്കണം. പരസ്‌പരം സ്‌നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്‌ടിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് കുർബാന ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി പതിനാലാമൻ മാർപാപ്പ തുറന്ന വാഹനത്തിൽ വത്തിക്കാൻ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീർവദിച്ചു. കുർബാന മധ്യേ ഇടയന്റെ വസ്‌ത്രവും (പാലിയം) സ്‌ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു.
പൗരസ്‌ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ച ശേഷമാണ് മാർപാപ്പ കുർബാനയ്‌ക്കെത്തിയത്. വിവിധ സഭാ പ്രതിനിധികളും രാഷ്‌ട്രത്തലവൻമാരും ലോക നേതാക്കൻമാരും ചടങ്ങിൽ പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തോട് ചേർന്നുള്ള വത്തിക്കാൻ കൊട്ടാരത്തിലാകും ലിയോ പതിനാലാമൻ മാർപാപ്പ താമസിക്കുക. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ സെന്റ് മാർത്താസ് ഹോമിലെ സാധാരണ മുറിയിലാണ് താമസിച്ചിരുന്നത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ