പാലക്കാട്: ജില്ലയിൽ കയാക്കിങ് വേദി യാഥാർഥ്യമാകുന്നു. തൃത്താല വെള്ളിയാങ്കല്ലിന് പുറമെ മങ്കരയിലും കായാക്കിങ്ങിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസമാണ് മങ്കരയിൽ ഡിടിപിസി പ്രാഥമിക പരിശോധന നടത്തിയത്. പരിശോധനയിൽ മങ്കര പുഴ കായാക്കിങ്ങിന് അനുയോജ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇതുമായി ബന്ധപ്പെട്ട് തുടർ നടപടി പുരോഗമിക്കുകയാണെന്ന് ഡിടിപിസി സെക്രട്ടറി കെജി അനീഷ് അറിയിച്ചു. അതേസമയം, തൃത്താല വെള്ളിയാങ്കല്ല് കായാക്കിങ്ങിന് സ്ഥിരം വേദിയാക്കാനും ആലോചനയുണ്ട്. ഈ മാസം 20ന് ഇവിടെ നടത്തിയ കയാക്കിങ് ഫെസ്റ്റിവൽ വൻ വിജയമായിരുന്നു. മുന്നൂറോളം പേരാണ് തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ കയാക്കിങ് നടത്തിയത്.
ഡിടിപിസിയുടെ അന്തിമ റിപ്പോർട് വരുന്നതോടെ ജില്ലയിൽ കയാക്കിങ് മേളയ്ക്ക് സ്ഥിരം വേദികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികൾ. ഒരാൾക്കോ രണ്ടാൾക്കോ ഇരിക്കാവുന്ന ഫൈബർ ബോട്ടിലാണ് കയാക്കിങ് നടക്കുക. വിദേശ രാജ്യങ്ങളിൽ അടക്കം വലിയ പ്രചാരമുള്ള കായിക വിനോദമാണിത്.
Read Also: ചീയമ്പം ആനപന്തി വനത്തിലെ കടുവ നിരീക്ഷണ ക്യാമറകൾ മോഷ്ടിച്ച മൂന്ന് പേർ പിടിയിൽ




































