മാനന്തവാടി: കടുവകളുടെ കണക്കെടുപ്പിനായി സ്‌ഥാപിച്ച ക്യാമറകൾ മോഷണം പോയി. വയനാടൻ കാടുകളിലെ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ച ദിവസങ്ങൾക്കകമാണ് സംഭവം. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ കോളിപ്പാട് സ്‌ഥാപിച്ച 55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് മോഷണം പോയത്. കടുവകളുടെ കാണക്കെടുപ്പ് ചിത്രങ്ങൾ പകർത്തുന്നതിനായി ഈ മാസം നാലിനാണ് വനത്തിൽ ക്യാമറകൾ സ്‌ഥാപിച്ചത്.
അതേസമയം, മോഷണത്തിന് പിന്നിൽ മാവോയിസ്‌റ്റുകൾ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മാനന്തവാടി റേഞ്ച് ഓഫിസർ കെവി ബിജു പറഞ്ഞു. ക്യാമറകൾ സ്‌ഥാപിച്ചത് ഉൾവനത്തിൽ ആയതിനാൽ സാധാരണക്കാർ ഇവിടേക്ക് എത്താൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമറകളിലേക്ക് ഘടിപ്പിച്ച കേബിളുകൾ അടക്കം കൃത്യമായി അഴിച്ചുമാറ്റിയ നിലയിലാണ്. വയനാട്ടിൽ മാവോയിസ്‌റ്റ് സാന്നിധ്യം ഏറ്റവും കൂടുതലുള്ള വനമേഖലയാണിതെന്നും, ഇവരിൽ ആരുടെയൊക്കെയോ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞത് കൊണ്ടാവാം ഇവ അഴിച്ചുമാറ്റിയതെന്നുമാണ് ഉദ്യോഗസ്‌ഥരുടെ നിഗമനം.
ഉൾവനത്തിൽ സാധാരണയായി മൃഗവേട്ടക്കാർ എത്തിപ്പെടാൻ സാധ്യത ഇല്ലെന്നുമാണ് വനംവകുപ്പിന്റെ വാദം. മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് അർഹമായ പാരിതോഷികം നൽകുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ തൊണ്ടർനാട് പോലീസും വനംവകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടുവാ കണക്കെടുപ്പ് പ്രകാരം രണ്ടു ദിവസത്തിലൊരിക്കൽ വാനത്തിനുള്ളിൽ പരിശോധന നടത്താറുണ്ട്. ഇത്തരത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
Read Also: ഔദ്യോഗിക രേഖകൾ ചോർന്നാൽ കർശന നടപടി; ആഭ്യന്തര വകുപ്പ്