മുസാഫറാബാദ്: പാക്ക് അധിനിവേശ കശ്മീരിൽ വൻ സംഘർഷം. ജനകീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെഎഎസി) പ്രവർത്തകരും പാക്കിസ്ഥാൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. 30ലേറെപ്പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്ക് പരിക്കേറ്റെന്നാണ് വിവരം.
റാവലക്കോട്ട് നഗരത്തിലാണ് അക്രമം അതിരൂക്ഷമായത്. ജെഎഎസി സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മേഖലയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഉന്നയിച്ചുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സംഘടനയാണിത്. ക്രമസമാധാനം, സുരക്ഷ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കഴിഞ്ഞയാഴ്ച അധികൃതർ സംഘടനയെ നിരോധിച്ചത്.
ജൂലൈ 27ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 45 സീറ്റുകളിൽ 12 എണ്ണം അഭയാർഥികൾക്കായി മാറ്റിവെച്ചിരുന്നു. ഇതോടെ ജെഎഎസി പ്രതിഷേധ സമരം തുടങ്ങിയിരുന്നു. ഇത്തരത്തിൽ സീറ്റുകൾ മാറ്റിവെച്ചാൽ അത് പ്രാദേശിക പ്രാതിനിധ്യം കുറയ്ക്കുമെന്നാണ് ജെഎഎസിയുടെ വാദം. ഇതിന് പിന്നാലെ പാക്ക് ഭരണകൂടം ജെഎഎസിയെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു.
ഇതോടെയാണ് സമരം ശക്തമായത്. വെള്ളിയാഴ്ച രാത്രി സംഘർഷത്തിനിടെ ഒരു വ്യാപാരി വെടിയേറ്റ് മരിച്ചതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമായി. ഓട്ടമാറ്റിക് റൈഫിളുകളും പെട്രോൾ ബോംബുകളും ഉൾപ്പടെ ഉപയോഗിച്ച് പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇത് പ്രദേശവാസികളും ജെഎഎസി അനുകൂലികളും തള്ളി. തങ്ങൾക്ക് നേരെയാണ് വൻ ആക്രമണം ഉണ്ടായതെന്നാണ് അവരുടെ വാദം.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്




































