ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാക്കിസ്‌ഥാന് സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന ചൈനയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ഇന്ത്യ. 2025 മേയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ പാക്കിസ്‌ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എൻജിനിയർമാർ സാങ്കേതിക സഹായം നൽകിയതായാണ് ചൈനീസ് മാദ്ധ്യമങ്ങൾ സ്‌ഥിരീകരിച്ചത്.
ഇതിന് ചുട്ടമറുപടിയുമായാണ് ഇന്ത്യ രംഗത്തെത്തിയത്. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾ, അത്തരം പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ അവരുടെ സൽപ്പേരിനുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് ചിന്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നേരത്തെ അറിയാമായിരുന്ന കാര്യത്തെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ കണ്ടു. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നവരെ പിന്തുണയ്‌ക്കുന്നത് അവരുടെ സൽപ്പേരിനെയും നിലപാടുകളെയും ബാധിക്കുമോ എന്ന് രാജ്യങ്ങൾ തന്നെ ചിന്തിക്കേണ്ടത് അനിവാര്യമാണ്.
പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് നിയന്ത്രിതമായാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. പാക്കിസ്‌ഥാനിൽ ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തുന്ന ഭീകരരുടെ അടിസ്‌ഥാന സൗകര്യങ്ങൾ തകർക്കുക എന്നതായിരുന്നു ലക്ഷ്യം. ആർക്കൊപ്പമാണ് വൻ ശക്‌തികൾ സഖ്യമുണ്ടാക്കുന്നതെന്ന് രാജ്യാന്തര സമൂഹം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്”- രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്‌ഥാന് ചൈന സാങ്കേതിക സഹായം നൽകിയെന്ന വിവരം ചൈനീസ് ഏവിയേഷൻ ഇൻഡസ്‌ട്രി കോർപറേഷന്റെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ എൻജിനീയറാണ് വെളിപ്പെടുത്തിയത്. ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി




































