ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക്കിസ്‌ഥാൻ. സിന്ധു നദീജല കരാറിൽ പാക്കിസ്‌ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്നാണ് പാക്കിസ്‌ഥാന്റെ ഭീഷണി. പാക്ക് കാലാവസ്‌ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ആണ് പ്രസ്‌താവന നടത്തിയത്.
2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമാണ്. ഇതോടെ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പാക്കിസ്‌ഥാൻ നിരവധി തവണ രംഗത്തുവരികയും ചെയ്‌തിരുന്നു. പാക്കിസ്‌ഥാന്റെ ജലത്തെ ഇന്ത്യ നിയന്ത്രിക്കുകയാണെന്നാണ് മന്ത്രി മുസാദിക് മാലിക്കിന്റെ ആരോപണം.
ജലവിഹിതം തടസപ്പെടുത്താൻ പാക്കിസ്‌ഥാൻ ആരെയും അനുവദിക്കില്ല. രാജ്യത്തെ 40-50% ജനങ്ങളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. വെള്ളം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. കരാർ ഉണ്ടായിട്ടുപോലും വെള്ളം തടയുന്നത് എങ്ങനയാണെന്നും മന്ത്രി ചോദിച്ചു.
ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിൽ അതിർത്തി കടന്നുള്ള ഏക ജലപങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്‌തംബർ 19നാണ് ഇന്ത്യയും പാക്കിസ്‌ഥാനും കരാറിൽ ഒപ്പുവെച്ചത്. 64 വർഷം പഴക്കമുള്ള കരാർ കറാച്ചിയിൽ വെച്ചാണ് ഒപ്പിട്ടത്. നീണ്ട ഒൻപത് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയത്.
2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പടെ നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും ഇന്ത്യ കരാറിൽ നിന്ന് പിൻമാറിയിരുന്നില്ല. എന്നാൽ, കശ്‌മീരിലെ പഹൽഗാമിൽ സാധാരണക്കാരായ വിനോദസഞ്ചാരികളെ രക്‌തരൂക്ഷിതമാക്കിയതിന് പിന്നാലെ നയതന്ത്ര ബന്ധത്തിലെ പ്രധാന ഏടായ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുകയായിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































