തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറുമുതൽ പത്തുവരെയുള്ള പ്രതികളെയാണ് നാളെ വൈകീട്ട് അഞ്ചുമണിവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
പ്രതികളായ കിരൺ, അനിൽകുമാർ, ഷഫീഖ്, ഹരീഷ് കുമാർ, ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തണം, കൂട്ടുപ്രതികളെ തിരിച്ചറിയണം, പ്രതികളുടെ ഗൂഢാലോചന കണ്ടെത്തണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയണം എന്നീ ആവശ്യങ്ങളാണ് പോലീസ് കസ്റ്റഡി അപേക്ഷയിൽ ഉന്നയിച്ചത്.
സിഎംആർഎൽ- എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. റെയ്ഡ് കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരുടെ കാറാണ് ആക്രമിച്ചത്.
മേയ് 27നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. എട്ടുമണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസങ്ങൾ ഹൈക്കോടതി നീക്കിയതിന് പിന്നാലെയായിരുന്നു റെയ്ഡ്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ





































