തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ വീണ്ടും മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ളോക്കിൽ ഒരാഴ്ച മുൻപ് തുടങ്ങിയ നിയന്ത്രണം ഇപ്പോൾ സെക്രട്ടറിയേറ്റിലെ മറ്റു ഓഫീസുകളിലും ബാധകമാക്കി.
ഇതിന് പുറമെ സെക്രട്ടറിയേറ്റിലെ പ്രധാന കവാടമായ നോർത്ത് ഗേറ്റ് (സമര ഗേറ്റ്) ബാരിക്കേഡ് വെച്ച് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സർക്കാർ അധികാരമേറ്റതു മുതൽ സെക്രറിയേറ്റിൽ സന്ദർശകരുടെ തിരക്കാണ്. ഇതേത്തുടർന്ന് സന്ദർശക സമയം കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ ആക്കിയിരുന്നു.
പാസ് എടുത്തോ, അകത്തുനിന്ന് സെക്യൂരിറ്റി ഗേറ്റിലേക്കുള്ള ഫോൺ വിളി വഴിയോ വേണം ഈ സമയത്തും അകത്ത് കടക്കേണ്ടത്. പൊതു സന്ദർശകർക്കുള്ള ഈ നിയന്ത്രണം മറയാക്കിയാണ് മാദ്ധ്യമ പ്രവർത്തകരെയും തടയുന്നത്. ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള പ്രത്യേക ശുപാർശ ഇല്ലാതെ, സർക്കാർ അംഗീകൃത അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ പ്രവർത്തകരെ പോലും അകത്ത് കയറ്റിവിടേണ്ടതില്ല എന്നാണ് കന്റോൺമെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
മുഖ്യമന്ത്രിക്ക് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് കർശന പരിശോധനകൾക്ക് ശേഷം മാദ്ധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന അക്രഡിറ്റേഷൻ കാർഡ് സെക്രട്ടറിയേറ്റ് അടക്കം നിയന്ത്രണമുള്ള സ്ഥലങ്ങളിലെ പ്രവേശനത്തിന് കൂടിയുള്ളതാണ്. എന്നാൽ, ഇത്തരം മാദ്ധ്യമപ്രവർത്തകരെയും തടയുകയാണ്.
പിണറായി സർക്കാരിന്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാദ്ധ്യമ പ്രവർത്തകർക്ക് സമാനമായ രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് പ്രതിപക്ഷത്ത് ഇരുന്നവർ ഈ മാദ്ധ്യമ വിലക്കിനെതിരെ ശക്തമായി വിമർശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇവർ ഭരണത്തിലേറിയതോടെ സമാനമായ നിയന്ത്രണം കൊണ്ടുവന്നത് വിവാദങ്ങൾക്ക് ഇടയാക്കും.
അതേസമയം, മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടറിയേറ്റിലെ പ്രവേശനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമയം ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈമാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും അധികൃതർ അറിയിച്ചു.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ




































