പാലക്കാട്: വൈദ്യുതി ഉൽപ്പാദന സംവിധാനത്തിന് കൂടുതൽ സാധ്യതകളുമായി പാലക്കാട് ജില്ലാ പഞ്ചായത്ത്. കൂടുതൽ വൈദ്യുതി ഉൽപ്പാദന കേന്ദ്രം ഒരുക്കിയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് മാതൃകയാവുന്നത്. ജലവൈദ്യുത, സൗരോർജ വിഭാഗങ്ങളിലാണ് ഉൽപ്പാദന കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. പാലക്കുഴിയിൽ ഒരു മെഗാവാട്ടും കൂടത്ത് നാല് മെഗാവാട്ടും ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ, അട്ടപ്പാടിയിൽ സൗരോർജത്തിൽ നിന്ന് ഒരു മെഗാവാട്ടും ലക്ഷ്യമിടുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ മീൻവല്ലം ജലവൈദ്യുത പദ്ധതിയിൽ വൈദ്യുതി ഉൽപ്പാദനം തുടങ്ങിയിട്ട് ഏഴ് വർഷമായി. പാലക്കുഴി ജലവൈദ്യുത പദ്ധതി നിർമാണം അന്തിമഘട്ടത്തിലാണ്. അട്ടപ്പാടിയിലെ കൂടം ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇതിന് പുറമെ അട്ടപ്പാടിയിലെ ആട് ഫാമിൽ സോളാർ വൈദ്യുതി ഉൽപ്പാദനം അടുത്ത മാസം മുതൽ തുടങ്ങും. ഇതോടെ, വെള്ളം, കാറ്റ്, സോളാർ പോലുള്ളവയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കണമെന്ന വിദഗ്‌ധരുടെ അഭിപ്രായം മാതൃകയാക്കിയിരിക്കുകയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത്.
22 കോടി രൂപാ ചിലവിൽ 2014 ഓഗസ്‌റ്റിലാണ് മീൻവല്ലം പദ്ധതി ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കിയത്. പ്രതിവർഷം 85 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ മിനി ജലവൈദ്യുത പദ്ധതിയാണ് പാലക്കുഴി. 1992 ലാണ് പദ്ധതിയുടെ പ്രവൃത്തികൾ ആരംഭിച്ചത്. പ്രതിവർഷം 3.78 മില്യൺ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. 13 കോടി രൂപ ചിലവിൽ നിർമിക്കുന്ന പദ്ധതി 2022 ൽ പൂർത്തിയാകും.
ഇതോടൊപ്പം, അട്ടപ്പാടി ഷോളയൂരിലെ കൂടം ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ രൂപരേഖ ഉടൻ തയ്യാറാക്കും. 60 കോടിയാണ് ചിലവ്. നാല് മെഗാവാട്ട് വൈദ്യുത ഉൽപ്പാദനത്തിനായി വലിയ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. അതേസമയം, അട്ടപ്പാടിയിലെ ആട് ഫാമിൽ അര മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ പദ്ധതി പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഉൽഘാടനം നവംബറിൽ നിർവഹിക്കും. ആറ് കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അര മെഗാവാട്ട് വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.
Most Read: നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു







































