കൊച്ചി: ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണ സംഘം ചോദ്യം ചെയ്‌തതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച് നടി പ്രയാഗ മാർട്ടിൻ. ലഹരി പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണെന്നാണ് പ്രയാഗയുടെ പ്രതികരണം.
ഹോട്ടലിൽ പല സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെ ഇങ്ങനെ ഒരാളുണ്ടെന്ന് അറിയില്ലായിരുന്നു. പല ചോദ്യങ്ങളും പോലീസ് ചോദിച്ചു. ഓം പ്രകാശിനെ അറിയില്ല. വാർത്ത വന്ന ശേഷം ഗൂഗിൾ ചെയ്‌താണ് ഓം പ്രകാശ് ആരാണെന്ന് മനസിലാക്കുന്നത്. പലയിടത്തും പോകുമ്പോൾ പലരെയും കാണും. ഒരു സ്‌ഥലത്ത് പോകുമ്പോൾ അവിടെ ക്രിമിനലുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ പറ്റില്ലലോ എന്നും പ്രയാഗ ചോദിച്ചു.
ഹോട്ടലിൽ ലഹരി പാർട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന് ചില ചോദ്യങ്ങൾ പോലീസ് ചോദിക്കുമ്പോൾ മാത്രം ഉത്തരം പറയേണ്ടതാണെന്നായിരുന്നു പ്രയാഗയുടെ പ്രതികരണം. എല്ലാ ചോദ്യത്തിനും ഉത്തരം മാദ്ധ്യമങ്ങളോട് പറയേണ്ടതില്ല. പോലീസിന് നൽകിയ ഉത്തരങ്ങൾ മാദ്ധ്യമങ്ങളോട് ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രയാഗ പറഞ്ഞു.
കേസിൽ ശ്രീനാഥ് ഭാസിയെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തിട്ടുണ്ട്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡാൻസാഫ് സംഘത്തിനാണ് ഓം പ്രകാശുമായി ഇടപെട്ട് ചില ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഞായറാഴ്‌ച പോലീസെത്തി കൊച്ചി മരടിലെ ആഡംബര ഹോട്ടലിൽ നിന്ന് ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.
നാല് ലിറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിന് ശേഷമുള്ള ചില അവശിഷ്‌ടങ്ങളും മുറിയിൽ നിന്ന് കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും അന്നേ ദിവസമേ ഹോട്ടലിൽ എത്തിയതാണ് കേസന്വേഷണം താരങ്ങളിലേക്ക് നീണ്ടത്.
എന്നാൽ, ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും അറസ്‌റ്റിലായ ഗുണ്ടാ നേതാവ് കെകെ ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിലാണ് പോലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നുമാണ് പോലീസ് നിഗമനം.
Most Read| വയനാട് പുനരധിവാസം; മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ