വയനാട് : ജില്ലയിലെ മഴക്കാലപൂർവ ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. ‘നാലുനാൾ, നാലുപുറം നന്നാക്കാം’ എന്ന പരിപാടിയുടെ ജില്ലാതല ഉൽഘാടനം നാളെ 11ന് തൊണ്ടർനാട് പഞ്ചായത്തിലെ കോറോം ടൗൺ തോട് വൃത്തിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിക്കും. ജില്ലാ കളക്ടർ ഡോക്ടർ അദീല അബ്ദുള്ളയാണ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ, ജില്ലാ ഭരണകൂടം ശുചിത്വ മിഷനും ഹരിത കേരള മിഷനുമായി ചേർന്നാണ് ശുചീകരണ പരിപാടികൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി നാല് ദിവസം നീണ്ട് നിൽക്കുന്ന ശുചീകരണ പരിപാടിയാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഉൽഘാടന ദിവസമായ നാളെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളാണ് വൃത്തിയാക്കുന്നത്. തുടർന്ന് 28ആം തീയതി പൊതുസ്ഥാപനങ്ങളും, 29ആം തീയതി തോട്, പുഴ, കുളം എന്നിവയും, 30ആം തീയതി വീടും പരിസരങ്ങളുമാണ് വൃത്തിയാക്കുന്നത്.
വാർഡ് ശുചിത്വ സമിതി, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്ഥാപന മേധാവികൾ, ജീവനക്കാർ, വിവിധ ക്ളബ്ബുകൾ, സംസ്കാരിക സാമൂഹിക പ്രവർത്തകർ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ നാളെ മുതൽ നടക്കുന്ന ശുചീകരണ പരിപാടിയിൽ പങ്കെടുക്കും. അതേസമയം കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെ ആയിരിക്കും പരിപാടി പൂർത്തിയാക്കുക.
Read also : മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്








































