മൻമോഹൻ സിങ്ങിന്റെ വേർപാട് തീരാ നഷ്‌ടമെന്ന് രാഷ്‍ട്രപതി; ഓർമയിൽ നിലനിൽക്കുമെന്ന് ഉപരാഷ്‍ട്രപതി

അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്‌ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു അനുസ്‌മരിച്ചു.

By Senior Reporter, Malabar News
Droupadi Murmu and Dr. Manmohan Singh

ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാജ്‌ഞലി അർപ്പിച്ച് രാഷ്‌ട്രീയ നേതാക്കൾ. അക്കാദമിക ലോകത്തും ഭരണരംഗത്തും ഒരേപോലെ അനായാസം തിളങ്ങിയ അപൂർവ രാഷ്‌ട്രീയക്കാരിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ് എന്ന് രാഷ്‍ട്രപതി ദ്രൗപതി മുർമു അനുസ്‌മരിച്ചു.

ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയെ പരിഷ്‌കരിക്കുന്നതിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. രാഷ്‌ട്രത്തിനായുള്ള സേവനത്തിനും കളങ്കമില്ലാത്ത രാഷ്‌ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ വേർപാട് നമുക്കെല്ലാവർക്കും തീരാ നഷ്‌ടമാണെന്നും രാഷ്‍ട്രപതി പറഞ്ഞു.

ഉന്നതമായ ബൗദ്ധികനിലവാരമുള്ള രാഷ്‌ട്ര തന്ത്രജ്‌ഞനെയാണ് മൻമോഹൻ സിങ്ങിന്റെ വേർപാടിലൂടെ ഇന്ത്യക്ക് നഷ്‌ടമായതെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ അനുസ്‌മരിച്ചു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്‌ഥയെ മാറ്റിമറിച്ച സാമ്പത്തിക വിദഗ്‌ധനായിരുന്നു. ഉദാരീകരണത്തിന്റെ പാത തുറന്ന് സുപ്രധാന പരിവർത്തനത്തിലൂടെ അദ്ദേഹം ധീരമായി രാജ്യത്തെ നയിച്ചു. സമ്പദ്‌വ്യവസ്‌ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധമായ ധാരണ, സൗമ്യമായ പെരുമാറ്റം, ഇന്ത്യയുടെ പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ ഓർമയിൽ എക്കാലവും നിലനിൽക്കുമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ”ഇന്ത്യയുടെ ഏറ്റവും സമുന്നതനായ നേതാക്കളിലൊരാളായ മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഇന്ത്യൻ ദുഃഖിക്കുന്നു. എളിയ സ്‌ഥാനത്ത്‌ നിന്ന് ഉയർന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്‌ധനായി മുന്നേറി. ധനമന്ത്രി ഉൾപ്പടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്‌ഠിച്ചു.

രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ ശക്‌തമായ മുദ്ര വ്യക്‌തിയാണ് മൻമോഹൻ സിങ്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിത മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു”- മോദി എക്‌സിൽ കുറിച്ചു.

Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE