ന്യൂഡെൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ജനങ്ങളുടെ ബജറ്റെന്ന്’ പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോൽസാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളിൽ സമ്പാദ്യം വർധിപ്പിക്കുക എന്നതിലൂടെയുള്ള ബജറ്റാണ് ഇത്തവണത്തേത്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ നികുതിയിൽ കുറവ് വരുത്തിയിട്ടുണ്ട്, ഇത് ഇടത്തരക്കാർക്ക് വലിയ ഗുണമുണ്ടാക്കും. പുതുതായി ജോലിക്ക് ചേർന്നിട്ടുള്ളവർക്ക് ഇത് വലിയ അവസരമാണ് തുറന്നിടുന്നത്.
വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ പ്രധാന നിമിഷമാണ് 2025ലെ ഈ ബജറ്റ്. സാധാരാണ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുന്നതും സമഗ്ര വികസനം ഉറപ്പ് നൽകുന്നതും ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കുന്നതുമാണ് ബജറ്റ്. വലിയ മാറ്റങ്ങൾക്ക് ബജറ്റ് വഴിയൊരുക്കും. യുവാക്കൾക്ക് പുതിയ മേഖലകൾ തുറന്നിടുന്ന ബജറ്റ് രാജ്യത്തിന്റെ ഭാവി വളർച്ചയെ നയിക്കാൻ അവരെ പ്രാപ്‌തരാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read| ദേശീയ ഗെയിംസ്; നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം