കൊച്ചി: നടനും സംവിധായകനുമായ പൃഥ്‌വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുൻപ് അഭിനയിച്ച ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് വിശദീകരണം തേടിയത്.
ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ താരം പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്‌വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്‌തത വരുത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു.
പൃഥ്‌വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ 2022 ഡിസംബർ 15ന് ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. നിലവിലെ പരിശോധന എമ്പുരാൻ എഫക്‌ട് അല്ലെന്നും സ്വാഭാവിക നടപടി മാത്രമാണെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.
എന്നാൽ, ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്‌ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടക്കുന്ന പശ്‌ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്‌വിരാജിനെതിരെയുളള നീക്കവുമെന്നത് ശ്രദ്ധേയമാണ്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ