കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് പ്രിയങ്ക ആവശ്യപ്പെട്ടത്.
മണ്ണിടിച്ചിൽ പഠിക്കുന്നതിന് വിദഗ്‌ധ സമിതിയെ അടിയന്തിരമായി അയക്കണം. ബദൽ പാത ഒരുക്കുന്നതിലും നടപടികൾ സ്വീകരിക്കണമെന്നും കത്തിലൂടെ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, വ്യൂപോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി വയനാട് ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വയനാട് ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ അറിയിച്ചു.
ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 (ബി), 34 (സി), 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ആംബുലൻസ്, ആശുപത്രി, പാൽ, പത്രം, ഇന്ധനം തുടങ്ങിയ അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ചുരത്തിലെ ട്രാഫിക് നിയന്ത്രണം ക്രമീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.
Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി