ന്യൂഡെൽഹി: ഹരിയാനയിലെ ഹിസാറിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനുമെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കളെ തടഞ്ഞതിനെ തുടർന്ന് പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കർഷകന്റെ നില ഗുരുതരമായി തുടരുന്നതിനിടെയാണ് നടപടി.
ഒരു ഇടവേളക്ക് ശേഷമാണ് ഹരിയാനയിൽ കർഷക പ്രതിഷേധം സംഘർഷത്തിൽ എത്തുന്നത്. ഹിസാറിൽ ബിജെപി പരിപാടിക്ക് എത്തുന്നതിനിടെ ആയിരുന്നു ജാൻഗറിനെ കർഷകർ തടഞ്ഞത്. ഇതിനിടെയുണ്ടായ കൈയേറ്റത്തിൽ എംപിയുടെ വാഹനത്തിന്റെ ചില്ല് തകർന്നു. കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന പരിപാടിക്കിടെ കർഷക പ്രതിഷേധത്തിനെതിരെ എംപി നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. തൊഴിൽ രഹിതരായ മദ്യപാനികളാണ് സമരം നടത്തുന്നതെന്നായിരുന്നു വിവാദ പരാമർശം. പ്രതിഷേധം നടത്തുന്നവരിൽ ഒരു കർഷകൻ പോലുമില്ലെന്നും എംപി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കർഷകർ പ്രതിഷേധിച്ചത്.
എംപിയെ കർഷകർ തടഞ്ഞതോടെ പോലീസ് ലാത്തി വീശി. രണ്ട് കർഷകർക്ക് പരിക്കേറ്റെന്നാണ് കർഷക സംഘടനകൾ അറിയിച്ചത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം, തന്റെ കാറിന് കേടുപാടുകൾ വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ഇതിനിടെ കേദാർനാഥിലെ പ്രധാനമന്ത്രി മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി പരിപാടിക്കിടെയാണ് മറ്റൊരു സംഘർഷം ഉണ്ടായത്. പരിപാടിക്കായി കഴിഞ്ഞ ദിവസം ഇവിടുത്തെ ക്ഷേത്രത്തിൽ എത്തിയ ബിജെപി സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവർ ഉൾപ്പടെയുള്ള നേതാക്കളെ കർഷകർ തടയുകയായിരുന്നു.
അതേസമയം, കർഷകരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണമെന്ന് കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കർഷകർ പോലീസ് സ്‌റ്റേഷൻ ഉപരോധിക്കും.
Also Read: വ്യാജമദ്യ ദുരന്തം; ബിഹാറിൽ മരണസംഖ്യ ഉയരുന്നു, അന്വേഷണം ശക്‌തം








































