ന്യൂഡെൽഹി: രാജ്യസഭാംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് രാജ്യസഭാ സമ്മേളിക്കുമ്പോള്‍ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞ ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ പിടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാമനിര്‍ദേശം വഴിയാണ് പിടി ഉഷ രാജ്യസഭയിലേക്ക് എത്തുന്നത്.
ഉഷയുടെ കുടുംബവും ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണാന്‍ പാര്‍ലമെന്റിൽ എത്തിയിരുന്നു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഷയെ അഭിനന്ദിച്ചിരുന്നു. രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി ചിദംബരം, കപില്‍ സിബല്‍, ആര് ഗേള്‍ രാജന്, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളായി.
സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെന്റിൽ എത്തിയ പിടി ഉഷക്കൊപ്പമുള്ള ചിത്രങ്ങൾ വി മുരളീധരൻ എംപി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് പിടി ഉഷയെന്നും അവരെ ഇന്ത്യൻ പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Most Read: സ്വർണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണം; ട്രാൻസ്ഫർ ഹരജിയുമായി ഇഡി







































