പുൽപ്പള്ളി: 15 വയസുകാരിയെ പുൽപ്പള്ളി ടൗൺ പരിസരത്തെ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കനിഷ്‌ക (ചിപ്പി- 15) യെയാണ് ഇന്നലെ ഉച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കനിഷ്‌ക മുൻപും ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കനിഷ്‌കയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടി. അടുത്തിടെ കനിഷ്‌കയുടെ സ്‌കൂൾ മാറ്റിയിരുന്നു. കൂട്ടുകാരെ പിരിയേണ്ടി വന്നതും വിഷമത്തിനിടയാക്കി എന്നാണ് സൂചന. മുത്തച്ഛനും മുത്തശ്ശിക്കും പിതാവിനുമൊപ്പമാണ് കനിഷ്‌ക താമസിക്കുന്നത്. അമ്മ മറ്റൊരു വീട്ടിലാണ്.
ശനിയാഴ്‌ച മീനംകൊല്ലിയിൽ നടന്ന ഓണാഘോഷ പരിപാടികളിൽ കനിഷ്‌ക സജീവമായി പങ്കെടുത്തിരുന്നു. നാട്ടുകാരും വീട്ടുകാരും തിരയുന്നതിനിടെയാണ് വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെ തോട്ടത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രയിൽ നിന്ന് കുടിയേറി മീനംകൊല്ലിയിൽ താമസിക്കുന്ന നിർമാണ തൊഴിലാളികളായ കുമാറിന്റെയും വിമലയുടെയും മകളായ കനിഷ്‌ക പടിഞ്ഞാറത്തറ ഹൈസ്‌കൂളിലാണ് പഠിക്കുന്നത്. നേരത്തെ പുൽപ്പള്ളി സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഓണാവധിക്ക് ശേഷം ഇന്നലെ പടിഞ്ഞാറത്തറയിലെ സ്‌കൂളിൽ കൊണ്ടുവിടാനിരുന്നതാണ്.
മരണത്തിന് പിന്നിൽ സംശയങ്ങൾ ഉള്ളതായാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്‌ച രാത്രി 12 മണിവരെ ഗ്രാമത്തിലെ ഓണാഘോഷമായിരുന്നു. വിവിധ പരിപാടികളിൽ കനിഷ്‌ക പങ്കെടുത്തിരുന്നു. പിറ്റേന്ന് ഞായറാഴ്‌ച വൈകീട്ട് സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ പിറ്റേന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒമ്പതാം ക്ളാസ് വരെ പുൽപ്പള്ളി സ്‌കൂളിൽ പഠിച്ച കുട്ടിയെ ഈ അധ്യയന വർഷാരംഭം മുതൽ പടിഞ്ഞാറത്തറയിലെ ഒരു സ്‌ഥാപനത്തിൽ നിർത്തി പത്താം ക്ളാസ് പഠനം തുടരുകയായിരുന്നു. പുൽപ്പള്ളി ടൗണിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ തന്നെ സ്‌ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് കനിഷ്‌ക അടുത്ത കൂട്ടുകാരിയോട് പറഞ്ഞിരുന്നു.
ഇതിനാലാണ് മാതാപിതാക്കൾ കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പുൽപ്പള്ളി പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് സൂചന. ചില കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കനിഷ്‌കയുടെ മാതാപിതാക്കൾ അടുത്തകാലത്തായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് കനിഷ്‌കയെ പിതാവ് വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.
Most Read| പ്രതിഷേധം ശക്‌തം; സാമൂഹിക മാദ്ധ്യമ നിരോധനം നീക്കി നേപ്പാൾ സർക്കാർ