ന്യൂഡെൽഹി: പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യൂട്യൂബർ കൂടി പിടിയിൽ. ‘ജാൻമഹൽ വീഡിയോ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌പെഷ്യൽ ഓപ്പറേഷൻ സെൽ ഉദ്യോഗസ്‌ഥരാണ് ജസ്ബീർ സിങ്ങിനെ പഞ്ചാബിലെ രൂപ്‌നഗറിൽ നിന്ന് പിടികൂടിയത്.
പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയിലെ അംഗമായ ഷാക്കിർ എന്നയാളുമായി ജസ്ബീർ സിങ്ങിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ചാരവൃത്തി കേസിൽ നേരത്തെ അറസ്‌റ്റിലായ ജ്യോതി മൽഹോത്രയുമായും ജസ്‌ബീറിന് അടുപ്പമുണ്ടായിരുന്നതായി ഉദ്യോഗസ്‌ഥർ അറിയിച്ചു. ജ്യോതി അടുപ്പം പുലർത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥൻ ഡാനിഷുമായും ജസ്ബീർ സിങ്ങിന് ബന്ധമുണ്ടായിരുന്നു.
നിരവധി പാക്കിസ്‌ഥാൻ നമ്പറുകൾ ഇയാളുടെ ഫോണിൽ സേവ് ചെയ്‌തിട്ടുണ്ട്. മൂന്നുതവണ പാക്കിസ്‌ഥാൻ സന്ദർശിച്ച ജസ്ബീർ സിങ് ഡെൽഹിയിലെ പാക്ക് എംബസിയിൽ നടന്ന പ്രധാന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജ്യോതി മൽഹോത്ര അറസ്‌റ്റിലായ ശേഷം പാക്കിസ്‌ഥാൻ നമ്പറുകളും അവരുമായി നടത്തിയ ചാറ്റും നീക്കം ചെയ്യാൻ ജസ്ബീർ ശ്രമിച്ചിരുന്നു.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും