മോസ്‌കോ: റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്‌ഛേദിക്കാൻ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും മുകളിലുള്ള യുഎസ് സമ്മർദ്ദ ശ്രമങ്ങൾ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം സമ്മർദ്ദ ശ്രമങ്ങൾ സാമ്പത്തികമായി തിരിച്ചടിയാകുമെന്നാണ് യുഎസിനെ പുട്ടിൻ ഓർമിപ്പിച്ചത്.
റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് ഉയർന്ന താരിഫ് ഏർപ്പെടുത്തിയാൽ അത് രാജ്യാന്തര തലത്തിൽ വില വർധനയ്‌ക്ക് കാരണമാകും. ഒപ്പം പലിശനിരക്ക് ഉയർന്ന നിലയിൽ നിർത്താൻ യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാകും. റഷ്യയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പുട്ടിൻ തങ്ങളുടെ സൗഹൃദ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യുഎസ് താരിഫ് ഭീഷണിക്ക് മറുപടി നൽകിയത്.
റഷ്യൻ എണ്ണ ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യത്തെ ഇന്ത്യയും ചൈനയും സ്വയം അപമാനിക്കാൻ അനുവദിക്കില്ല എന്നാണ് പുട്ടിൻ വിശേഷിപ്പിച്ചത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്‌ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ നിരീക്ഷിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരിക്കലും അത്തരം നടപടികൾ സ്വീകരിക്കില്ലെന്നും പുട്ടിൻ പറഞ്ഞു.
അതേസമയം, റഷ്യയുമായുള്ള യുഎസിന്റെ യുറേനിയം ബന്ധത്തെ കുറിച്ചും പുട്ടിൻ തുറന്നടിച്ചു. റഷ്യയിൽ നിന്ന് അമേരിക്ക യുറേനിയം വാങ്ങുമ്പോൾ മറ്റു രാജ്യങ്ങൾ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അവർ ആവശ്യപ്പെടുന്നെന്നായിരുന്നു പുട്ടിൻ പറഞ്ഞത്. മുൻപ് ഇന്ത്യയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, അന്ന് അതിനെ കുറിച്ച് പ്രതികരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല.
Most Read| വെർച്വൽ അറസ്‌റ്റ്, തട്ടിയത് 60 ലക്ഷം രൂപ; മലയാളികൾ പിടിയിൽ







































