മലപ്പുറം: ദൂരപരിധി ഉൾപ്പടെയുള്ള നിയമങ്ങൾ ലംഘിച്ച് ജനവാസ മേഖലയിൽ തുറന്ന് പ്രവർത്തിച്ചിരുന്ന വിദേശ മദ്യഷാപ്പ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം അടച്ചു പൂട്ടി.
ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും ദൂരപരിധി ലംഘിച്ചും മുനിസിപ്പൽ ലൈസൻസ് നേടാതെയും പ്രവർത്തിച്ചിരുന്ന വിദേശ മദ്യഷാപ്പാണ് അടച്ചുപൂട്ടിയത്.
സംസ്‌ഥാനം നേരിട്ട് നിയന്ത്രിക്കുന്ന, ഏറ്റവും ലാഭകരമായ സർക്കാർ ബിസിനസിൽ ഒന്നാണ് ഇന്ന് ബിവറേജസ് കോർപ്പറേഷൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളോഹരി മദ്യ ഉപഭോഗമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ മദ്യവർജനം പ്രോൽസാഹിപ്പിക്കേണ്ട സർക്കാർ മദ്യവിപണനം നിയമങ്ങൾ ലംഘിച്ചു പോലും വർദ്ധിപ്പിക്കുന്ന അനേകം ഉദാഹരണങ്ങളിൽ ഒന്നായിരുന്നു പുഴമ്പ്രത്ത് തുറന്ന വിദേശ മദ്യഷാപ്പ്.
കേരളത്തിൽ മദ്യത്തിന്റെ മൊത്തവ്യാപാരവും ചില്ലറ വിൽപ്പനയും നടത്തുന്നതിന് 1984ൽ ജുഡീഷ്യൽ കമ്മീഷന്റെ ശുപാർശ പ്രകാരം അബ്‌കാരി നിയമവും അനുബന്ധ നിയമങ്ങളും അനുസരിച്ച് രൂപീകരിച്ച്, സംസ്‌ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന കേരള സ്‌റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പൂർണ ഉടമസ്‌ഥതയിലുള്ള വിദേശ മദ്യഷാപ്പാണ് അടച്ചു പൂട്ടിയത്.
പുഴമ്പ്രം മദ്യഷാപ്പ് അടച്ചുപൂട്ടാനുള്ള അധികൃതരുടെ തീരുമാനം നാടിന്റെ ഒത്തൊരുമയുടെ വിജയമാണെന്ന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിസിഡബ്‌ള്യുഎഫും സംസ്‌ഥാന മദ്യനിരോധന സമിതിയും ഉൾപ്പടെയുള്ള സംഘടനകളും വിവിധ രാഷ്‌ട്രീയ കക്ഷികളും നടത്തിവന്നിരുന്ന പ്രതിരോധ സമരത്തിൽ കക്ഷി രാഷ്‌ട്രീയ, ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തിരുന്നത്.
MOST READ | മധ്യസ്‌ഥതയ്‌ക്ക് മൂന്നാംകക്ഷിയുടെ പങ്കില്ലെന്ന് ഇന്ത്യ