നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നിലമ്പൂർ സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവർ. വിഎസിനെയും കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെയും പിണറായി വിജയൻ വഞ്ചിച്ചു. വിഎസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി പദത്തിലെത്തിയത്. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നതെന്ന് അൻവർ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
2021ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ്. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെ അന്ന് പിണറായിക്ക് പിന്തുണ നൽകി. അന്ന് നൽകിയ വാഗ്‌ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും അൻവർ വിമർശിച്ചു.
മുനമ്പം വിഷയത്തിൽ ക്രൈസ്‌തവ സമുദായത്തെ പിണറായി വഞ്ചിച്ചു. സിഎഎ വിഷയത്തിൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു, അത് ചെയ്‌തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരെയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരെ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരെയും വഞ്ചിച്ചു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞ് കർഷകരെയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെയും വഞ്ചിച്ചുവെന്നും പിവി അൻവർ തുറന്നടിച്ചു.
ഹിന്ദു പത്രത്തിന് ഡെൽഹിയിൽ വെച്ച് അഭിമുഖം നൽകി മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ അഭിമുഖം താനാണ് പുറത്തുവിട്ടത്. ബിജെപിക്ക് ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിന്റെ ബാക്കിപത്രമായിരുന്നു ഡെൽഹിയിൽ വെച്ചുള്ള അഭിമുഖം. കേരളത്തിലെ ആകെ നെറ്റ്‌വർക്ക് സെറ്റ് ചെയ്‌ത് ഹിന്ദു പത്രം വാങ്ങിക്കൂട്ടി. അങ്ങനെ വാർത്ത ആരും അറിഞ്ഞില്ല. എന്നാൽ, താനാണ് വാർത്ത കോഴിക്കോട്ടുവെച്ച് പൊതുസമ്മേളനത്തിൽ പുറത്തുവിട്ടതെന്നും പിന്നീട് വിഷയം യുഡിഎഫ് ഏറ്റെടുത്തെന്നും അൻവർ കൂട്ടിച്ചേർത്തു.
കർഷകരോട് കൊടും വഞ്ചന നടത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിലേത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജപ്‌തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ മുഖ്യമന്ത്രിക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ വ്യക്‌തമാക്കി. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷനിലെത്തിയ മുഖ്യമന്ത്രി, ചതിയുടെ പരിണിതഫലമാണ് ഉപതിരഞ്ഞെടുപ്പെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്.
Most Read| ‘ഇനി ഒറ്റയ്‌ക്ക് മുന്നോട്ട്’; ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി