മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ ബേപ്പൂർ മണ്ഡലത്തിൽ മൽസരിച്ചേക്കും. അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ അസോസിയേറ്റ് കക്ഷിയായി നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
മുന്നണി ധാരണാപ്രകാരം ബേപ്പൂർ മാത്രമാകും തൃണമൂലിന് നൽകുക. മന്ത്രി പിഎ. മുഹമ്മദ് റിയാസാണ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ. റിയാസ് വീണ്ടും പോരിനിറങ്ങിയാൽ സംസ്‌ഥാനം ഉറ്റുനോക്കുന്ന മൽസരം നടക്കുന്ന മണ്ഡലമായി ബേപ്പൂർ മാറും.
കഴഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വൻ ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ കുത്തനെ ഇടിഞ്ഞതാണ് ബേപ്പൂരിൽ അൻവറിന് പ്രതീക്ഷ നൽകുന്ന ഘടകം. സിപിഎമ്മിന്റെ ശക്‌തികേന്ദ്രമായി അറിയപ്പെടുന്ന ബേപ്പൂരിൽ അവസാനമായി യുഡിഎഫ് ജയിച്ചത് 1977ൽ ആണ്. അന്ന് ജയിച്ച കോൺഗ്രസ് നേതാവ് എൻപി. മൊയ്‌തീൻ 1980ലും വിജയം ആവർത്തിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ് (യു) സ്‌ഥാനാർഥിയായാണ് മൽസരിച്ചത്.
1982 മുതൽ തുടർച്ചയായി സിപിഎം സ്‌ഥാനാർഥികളാണ് മണ്ഡലത്തിൽ ജയിക്കുന്നത്. കോഴിക്കോട് കോർപറേഷന്റെ 41 മുതൽ 54 വരെ വാർഡുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം. കോർപറേഷന്റെ 14 വാർഡുകളിൽ നാലിടത്ത് യുഡിഎഫും ഒമ്പതിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയുമാണ് ജയിച്ചത്.
ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ യുഡിഎഫും കടലുണ്ടി പഞ്ചായത്ത് എൽഡിഎഫും ഭരിക്കുന്നു. 87 മുതൽ തുടർച്ചയായി കോൺഗ്രസ് ജയിച്ചിരുന്നു നിലമ്പൂർ മണ്ഡലം പിടിച്ചെടുത്താണ് 2016ൽ പിവി അൻവറിന്റെ കന്നി നിയമസഭാ തിരഞ്ഞെടുപ്പ് വിജയം. 2021ലും നിലമ്പൂരിൽ വിജയം ആവർത്തിച്ചു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































