മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പിവി അൻവർ. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോടികൾ വേണം. തന്റെ കൈയിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിൽ പ്രവേശനം നൽകിയില്ലെങ്കിൽ നിലമ്പൂരിൽ തന്റെ പാർട്ടി മൽസരിക്കുമെന്നായിരുന്നു അൻവർ നേരത്തെ പറഞ്ഞിരുന്നത്.
യുഡിഎഫ് പ്രവേശനം നൽകാത്തതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അൻവർ വീണ്ടും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു. ഇനി യുഡിഎഫിലേക്കില്ല. അൻവർ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യുഡിഎഫ് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ സ്‌നേഹിക്കുന്ന പ്രവർത്തകർക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താൻ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാൻ പോവുകയാണെന്നും അൻവർ അറിയിച്ചു. പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്‌തികൾ അതിന് തയ്യാറായില്ല. പിണറായിസം മാറ്റി നിർത്തി, മറ്റുള്ള ചില ഗൂഢശക്‌തികളുടെ താൽപര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താൻ ഇപ്പോഴും അവർ മുന്നോട്ട് പോവുകയാണ്.
അതിൽ വിട്ടുവീഴ്‌ചയുണ്ടായിട്ടില്ല. സിപിഎം സ്‌ഥാനാർഥി എം സ്വരാജ് പിണറായിസത്തിന്റെ വക്‌താവ് ആണ്. പിണറായിസത്തെ താലോലിക്കുന്നതിൽ സ്വരാജ് മുൻപന്തിയിലാണ്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ എതിർത്തതിന് കാരണങ്ങളുണ്ടെന്നും അൻവർ പറഞ്ഞു.
ആരെയും കണ്ടല്ല താൻ എൽഡിഎഫിൽ നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പറയുന്നത്.
അധികപ്രസംഗം തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്യൂണിസം. ആ നിലയ്‌ക്കാണ് സിപിഎമ്മിന്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന പാർട്ടി ജാതിമത രാഷ്‌ട്രീയത്തിലേക്ക് വഴിമാറി സഞ്ചരിച്ചുവെന്നും അൻവർ പറഞ്ഞു.
അതേസമയം, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്‌ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാലുടൻ പിവി അൻവറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാനാണ് യുഡിഎഫിലെ ധാരണ. യുഡിഎഫിന് പുറത്തുനിർത്തിയുള്ള സഹകരണമാണിത്. ഇക്കാര്യം അൻവറിനെ അറിയിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഷൗക്കത്തിനുള്ള പിന്തുണയറിയിച്ചാൽ അദ്ദേഹവുമായുള്ള സഹകരണം യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിക്കും. തൃണമൂലിന്റെ ഭാഗമാണ് ഇപ്പോൾ അൻവർ. തന്റെ പാർട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!