മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള പ്രഖ്യാപനം നീട്ടി പിവി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കുമെന്ന് അൻവർ അറിയിച്ചു. യുഡിഎഫ് നേതാക്കളും മറ്റ് സാമുദായിക നേതാക്കളും അടക്കം ഒരു പകൽ കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇന്ന് പ്രഖ്യാപനം നടത്താതിരിക്കുന്നതെന്ന് അൻവർ പറഞ്ഞു.
”യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകൽ കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളാണ് കാത്തിരിക്കാൻ ആവശ്യപ്പെട്ടത്. ഇവരൊക്കെ പറയുമ്പോൾ ആ വാക്ക് മുഖവിലയ്‌ക്കെടുക്കാതിരിക്കാൻ കഴിയില്ല”- പിവി അൻവർ പറഞ്ഞു.
സ്‌ഥാനാർഥി പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ അൻവർ വാർത്താസമ്മേളനം വിളിച്ചിരുന്നു. അതേസമയം, രാവിലെ 11 മണിക്ക് തൃണമൂൽ കോൺഗ്രസ് യോഗമുണ്ടെന്നും അതിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും അൻവർ അറിയിച്ചു. യുഡിഎഫിൽ ഘടകകക്ഷിയാക്കാതെ ഇനി ചർച്ചയില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തിൽ കൂടിയാണ് അൻവർ ഇന്നൊരു പകൽ കൂടി കാത്തിരിക്കാൻ തീരുമാനിച്ചത്.
അതേസമയം, അൻവർ ആദ്യം യുഡിഎഫ് സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടാണ് വിഡി സതീശനടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക്. എന്നാൽ, ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്‌ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട അൻവർ പ്രതികരിച്ചിരുന്നു. ഷൗക്കത്തിന് വിജയസാധ്യത ഇല്ലെന്നും ഷൗക്കത്തിനെ എംഎൽഎയാക്കാനല്ല താൻ രാജിവെച്ചതെന്നും അൻവർ ആവർത്തിച്ചിരുന്നു.
തിരഞ്ഞെടുപ്പിൽ തോറ്റാൽ ആര് ഉത്തരവാദിത്തം ഏൽക്കുമെന്നും അൻവർ ചോദിച്ചു. തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് പ്രവേശനം അനുവദിച്ചില്ലെങ്കിൽ നിലമ്പൂരിൽ മൽസര രംഗത്തിറങ്ങുമെന്നാണ് അൻവർ ഇന്നലെയും പറഞ്ഞത്. വിഡി സതീശനെ രൂക്ഷമായി വിമർശിച്ച അൻവർ, യുഡിഎഫിലെ ചില നേതാക്കളിൽ വിശ്വാസമില്ലാതായെന്നും പറഞ്ഞിരുന്നു.
Most Read| അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴ തുടരുന്നു- 3 ജില്ലകളിൽ റെഡ് അലർട്







































