മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിൽ എതിർപ്പ് തുടർന്ന് പിവി അൻവർ. കുടിയേറ്റ കർഷകർക്ക് വേണ്ടിയുള്ള തന്റെ നിർദ്ദേശം യുഡിഎഫ് പരിഗണിച്ചില്ലെന്ന് പിവി അൻവർ വ്യക്‌തമാക്കി. ആര്യാടൻ ഷൗക്കത്തിനോട് വ്യക്‌തിപരമായ പ്രശ്‌നമില്ലെന്നും അൻവർ പറഞ്ഞു.
എന്റെ സഹോദരിയുടെ മകനായത് കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്. ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ് നിലമ്പൂർ. ആ സമൂഹത്തിൽ നിന്ന് ഒരാൾ മൽസരിക്കാൻ വരുമെന്ന് കരുതി. എന്നാൽ, യുഡിഎഫ് അത് പരിഗണിച്ചില്ലെന്നും അൻവർ വിശദമാക്കി.
ജോയിക്ക് കോൺഗ്രസിൽ ഇന്ന് ഗോഡ് ഫാദറില്ല. ഉമ്മൻചാണ്ടി സാറിന്റെ ആശിർവാദത്താലാണ് ജോയ് ഇവിടെവരെ എത്തിയത്. എന്നാൽ, ഇന്ന് ഉമ്മൻചാണ്ടി സാറില്ല. വേറെയാരും ജോയിക്ക് വേണ്ടി സംസാരിച്ചിട്ടില്ല. ജോയ് സൈഡ് ലൈൻ ചെയ്യപ്പെട്ടു. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്നും അൻവർ വ്യക്‌തമാക്കി.
പിണറായി തിരിഞ്ഞുനോക്കാത്ത മേഖലയാണിത്. ആ മേഖലയിൽ നിന്നാണ് ജോയ് വരുന്നത്. ആര്യാടൻ ഷൗക്കത്ത് സിപിഎമ്മിന്റെ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കാൻ ശ്രമിച്ചതാണ്. അത് നടക്കില്ലെന്ന് സിപിഎമ്മിന്റെ എല്ലാ ലോക്കൽ കമ്മിറ്റികളും തീരുമാനം എടുത്തതിനാലാണ് ഷൗക്കത്ത് പിൻമാറിയത്. ഷൗക്കത്തിന്റെ സ്‌ഥാനാർഥിത്വം നിലമ്പൂരിലെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് പഠിക്കണം. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് നിലപാട് പ്രഖ്യാപിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് വിഎസ് ജോയ് രംഗത്തുവന്നു. നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി ശ്രീ. ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ എന്നായിരുന്നു വിഎസ് ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ആര്യാടൻ ഷൗക്കത്ത് സ്‌ഥാനാർഥിയാകുന്നതിനെതിരെ പിവി അൻവർ പരസ്യമായി രംഗത്തുവന്നതോടെ യുഡിഎഫിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച് അനിശ്‌ചിതത്വങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷൻ വിഎസ് ജോയിയുടെയും പേരുകളാണ് ഉയർന്നുവന്നതെങ്കിലും ഷൗക്കത്തിന് തന്നെയായിരുന്നു തുടക്കം മുതൽ മുൻഗണന.
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലങ്ങളിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. വിഎസ് ജോയിക്ക് ഇനിയും മൽസരിക്കാൻ അവസരമുണ്ടെന്ന കാര്യവും പാർട്ടി പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വിഎസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്‌തമാണ്.
Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ