നിലമ്പൂരിൽ പിവി അൻവർ മൽസരിക്കും; നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും

മൽസരിക്കാൻ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്‌നവും ടിഎംസി അനുവദിച്ചു.

By Senior Reporter, Malabar News
P V Anvar
പിവി അൻവർ (Image Source: FB/PVAnvar | Cropped by MN)
Ajwa Travels

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മൽസരിക്കും. നാളെ അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൽസരിക്കാൻ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്‌നവും ടിഎംസി അനുവദിച്ചു. അൻവറിന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച് ടിഎംസി ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.

മൽസരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് വാങ്ങി. മുൻ എംഎൽഎ വീണ്ടും മൽസരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ പാർലമെന്ററി നേതാവ് ഡെറിക് ഒബ്രിയാനാണ്. ടിഎംസിയുടെ ആദ്യസംഘം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ന് കേരളത്തിലെത്തും.

തൃണമൂൽ കോൺഗ്രസിന്റെ സ്‌ഥാനാർഥിയായി പിവി അൻവർ മൽസരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിൽ മൽസരം കടുക്കും. തൃണമൂൽ കോൺഗ്രസിനെ സംബന്ധിച്ച് ദീർഘകാലമായുള്ള കേരള മിഷനിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെപ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തിൽ വേരുറപ്പിക്കാൻ നേരത്തെയും മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി ശ്രമം നടത്തിയിരുന്നു.

നിലമ്പൂരിലെ സിറ്റിങ് എംഎൽഎ ആയിരുന്ന പിവി അൻവർ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അൻവർ, യുഡിഎഫിലേക്ക് ചേക്കേറാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഈ ശ്രമവും ഏതാണ്ട് പരാജയത്തിന്റെ വക്കിലാണ്. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്നുമായിരുന്നു അൻവർ ഇന്നലെ പറഞ്ഞിരുന്നത്.

വൈകിട്ടോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആദ്യം പണമില്ലെന്ന് പറഞ്ഞ അൻവർ, പിന്നീട് ഞാൻ മൽസരിക്കണമെന്ന് ആവശ്യപ്പെട്ട് പണവുമായി ആളുകളെത്തുന്നുവെന്ന് തുറന്ന് പറഞ്ഞു. വൈകീട്ടോടെ മൽസരിക്കാൻ ആലോചിക്കുന്നതായി പറഞ്ഞു. ഇതിന് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രാത്രി വീട്ടിലെത്തി അൻവറുമായി ചർച്ച നടത്തി. രാത്രി 11 മണിക്ക് എത്തിയ രാഹുൽ 12 മണിയോടെയാണ് മടങ്ങിയത്.

എന്നാൽ, രാഹുലിന്റെ നീക്കം ഫലം കണ്ടില്ല. ഇതിന് പിന്നാലെയാണ് അൻവറിനെ മൽസരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ച വിവരം പുറത്തുവരുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും ആര്യാടൻ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമർശനം ഉയർത്തിയ അൻവർ മൽസര രംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്‌ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാലുടൻ പിവി അൻവറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാനാണ് യുഡിഎഫിലെ ധാരണ. എന്നാൽ, യുഡിഎഫ് തീരുമാനം അൻവർ തള്ളിയിരുന്നു. പിന്നാലെ ഇനി യുഡിഎഫിലേക്ക് ഇല്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.

Most Read| രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ- ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE