മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിക്കുന്ന പിവി അൻവറിന്റെ നാമനിർദ്ദേശ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലെന്നും പശ്‌ചിമ ബംഗാളിൽ രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാന പാർട്ടി ആണെന്നും വ്യക്‌തമാക്കിയാണ് തൃണമൂൽ കോൺഗ്രസിൽ മൽസരിക്കാനുള്ള അൻവറിന്റെ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
തൃണമൂൽ കോൺഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അൻവർ നൽകിയിരുന്നത്. അതിനാൽ, അൻവറിന് സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കാം. വിഷയത്തിൽ അഭിഭാഷകർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുമായി അവസാനവട്ട ചർച്ചകൾ നടത്തുന്നുണ്ട്.
പെരിന്തൽമണ്ണ സബ് കലക്‌ടർ ഓഫീസിൽ പത്രികയിൽ സൂക്ഷ്‌മപരിശോധന നടക്കുന്ന സ്‌ഥലത്തേക്ക് അൻവർ നേരിട്ടെത്തിയിരുന്നു. പാർട്ടി ചിഹ്‌നത്തിൽ മൽസരിക്കാൻ സാങ്കേതിക തടസമുള്ളതിനാൽ സ്വതന്ത്രനായി മറ്റൊരു പത്രിക കൂടി നൽകിയ കാര്യം അൻവർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. ഇതോടെയാണ് ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പുതിയ മുന്നണി രൂപീകരിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ തന്നെയാണ് മുന്നണി.
Most Read| മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത് കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു