ദുബായ്: ഖത്തറിലെ അമേരിക്കൻ സൈനിക താവളം ആക്രമിക്കാൻ സാധ്യതയുണ്ടെന്ന സൂചന ലഭിച്ചപ്പോൾ തന്നെ വിമാനങ്ങൾ വഴിതിരിച്ചു വിടാൻ നിർദ്ദേശം നൽകിയതായി ഖത്തർ എയർവേയ്‌സ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തൽ.
ഇറാൻ മിസൈൽ ആക്രമണം നടത്തുമ്പോൾ ഖത്തർ എയർവേയ്‌സിന്റെ 90 വിമാനങ്ങളിൽ 20,000 യാത്രക്കാർ ദോഹയിലേക്ക് സഞ്ചരിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ സൂചന ലഭിച്ചപ്പോൾ ഈ വിമാനങ്ങളെല്ലാം വഴിതിരിച്ചുവിടാൻ നിർദ്ദേശം നൽകിയതിനാൽ വലിയ അപകടം ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ജൂൺ 23നാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42ന് 14 മിസൈലുകളാണ് തൊടുത്തത്. രാജ്യത്തെ ആണവകന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ആക്രമണം നടത്തിയത്.
എന്നാൽ, ആക്രമണത്തിൽ വലിയ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല. അൽ ഉദൈദ് എയർബേസ്, മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്‌ഥാനം കൂടിയാണ്. ഖത്തർ എയർവേയ്‌സിന്റെ ആസ്‌ഥാനവും ഇവിടെയാണ്. യുഎസ് നടത്തിയ ഇടപെടലിനെ തുടർന്ന് ഇറാനും ഇസ്രയേലും വെടിനിർത്തലിന് തയ്യാറായിരുന്നു.
ഖത്തറിലെ വ്യോമത്താവളം ഇറാൻ ആക്രമിച്ചതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘർഷത്തിന് ശേഷമായിരുന്നു വെടിനിർത്തൽ. സംഘർഷത്തിൽ ഇരു രാജ്യങ്ങളിലുമായി 1002 പേരാണ് മരിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!