തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. ചാൻസലർക്ക് കത്തയച്ചത് സ്വാഭാവിക നടപടിയാണെന്നും, പ്രോ ചാൻസലറുടെ നിർദേശം സ്വീകരിക്കാനും നിരാകരിക്കാനും ചാൻസലർക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രോചാൻസലറും ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങളിലൂടെ സംവാദമാക്കാൻ ഉദ്ദേശിക്കുന്നില്ല. സർക്കാർ നിലപാട് വ്യക്‌തമാക്കിയിട്ടും ഇക്കാര്യത്തിൽ തുടരുന്ന വിവാദം അനാവശ്യമാണെന്നും ഡോ ആർ ബിന്ദു കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ചാൻസലർ ഗവർണറും, പ്രോചാൻസലർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്‌ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിൽ ഇരിക്കുന്നവർ തമ്മിൽ ആശയവിനിമയം നടത്തൽ സ്വാഭാവികമാണ്. ഇതുകൊണ്ടുതന്നെ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രോചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ചാൻസലറെ കത്തു മുഖേന അറിയിക്കാം. ഇത് സ്വാഭാവിക നടപടി മാത്രമാണ്.
ഇപ്രകാരം പ്രോചാൻസലർ എന്തെങ്കിലും നിർദ്ദേശം സമർപ്പിച്ചാൽ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാൻസലർ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ഗവർണർ, ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനർനിയമനം പൂർണ ഉത്തരവാദിത്വത്തോടെ നടത്തിയതാണ് എന്നത് ആർക്കും അറിയാവുന്നതാണെന്നും മന്ത്രി പറയുന്നു. നിയമനത്തിൽ അപാകതയില്ലെന്ന് കോടതിതന്നെ വ്യക്‌തമാക്കിയിട്ടും വിവാദം തുടരുന്നത് അപലപനീയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Read also: ഷാൻ കൊലക്കേസ്; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ