തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ തന്നെയാണ് ഇതിനെ കാണുന്നതെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
പരാതി ഉന്നയിച്ച പെൺകുട്ടി തനിക്ക് മകളെപ്പോലെ ആണെന്നും മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നുവെന്നും സതീശൻ പറഞ്ഞു. ഒരു പിതാവിനെ പോലെ താൻ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഇടപെടൽ നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ ഉയർന്ന മറ്റു ആരോപണങ്ങളൊന്നും തനിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പാർട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങൾ വന്നാൽ പാർട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ല. ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നില്ല. വിഷയം പാർട്ടി കൈകാര്യം ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Most Read| വികസിത് ഭാരത് 2047; മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ