തിരുവനന്തപുരം: യുവതിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്.
പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ വിധി പ്രഖ്യാപിച്ചത്. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. രാഹുൽ എംഎൽഎ സ്ഥാനം കൂടി രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
രാഹുലുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചാൽ രാജി ആവശ്യപ്പെടാനാണ് കെപിസിസി ഒരുങ്ങുന്നത്. പാർട്ടി കൈവിട്ടതോടെ സ്വയം എംഎൽഎ പദവി രാജി വെച്ചില്ലെങ്കിൽ രാഹുലിന് രക്ഷയുണ്ടാകില്ല. രാഹുലിനെ രാജി വെപ്പിക്കാൻ കോൺഗ്രസ് ചീഫ് വിപ്പിന് സ്പീക്കർക്ക് കത്ത് നൽകാനാകും. സ്വയം ഒഴിയാൻ തയ്യാറായില്ലെങ്കിൽ കത്ത് നൽകുമെന്നാണ് സൂചന.
രാഹുലിനെതിരെ പുതുതായി രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബലാൽസംഗവും ഗർഭഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിന് ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
യുവതിയുടെ കേസിൽ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്നായിരുന്നു രാഹുലിന്റെ വാദം. എന്നാൽ, രാഹുലിന്റെ ഈ വാദം പൊളിച്ചെഴുതാനാണ് വിവാഹ വാഗ്ദാനം നൽകി 23-കാരിയെ പീഡിപ്പിച്ചുവെന്ന പുതിയ കേസിലെ എഫ്ഐആർ കൂടി പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഈ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































