പത്തനംതിട്ട: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട് നിന്നാണ് രാഹുലിനെ രാത്രി 12.30ഓടെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇ-മെയിൽ വഴി ലഭിച്ച പുതിയ ബലാൽസംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരെ മൂന്ന് കേസുകൾ ആയി. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസിൽ ജനുവരി 21 വരെ വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഇതിനിടെയാണ് രാഹുലിനെതിരെ മൂന്നാം പരാതി ലഭിച്ചത്. ഇ-മെയിൽ വഴി ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്നും ബലാൽസംഗം ചെയ്തുവെന്നുമാണ് കേസ്. ക്രൂരമായി ബലാൽസംഗം ചെയ്തെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നു.
പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്ന് രാഹുൽ തന്നോട് നിർബന്ധിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പറയുന്നു. തിരുവല്ലയിലെ ഹോട്ടലിൽ വെച്ചാണ് രാഹുൽ യുവതിയെ ബലാൽസംഗം ചെയ്തതെന്നാണ് സൂചന. പഴുതടച്ച പോലീസ് നീക്കത്തിലാണ് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിൽ നിന്ന് രാഹുലിനെ പിടികൂടിയത്.
ഹോട്ടലിൽ എത്തിയ പോലീസ് ആദ്യം റിസപ്ഷനിൽ ഉള്ളവരുടെ ഫോൺ പിടിച്ചെടുത്തു. പിന്നാലെ മുറിയിൽ മറ്റാരുമില്ലെന്ന് ഉറപ്പാക്കി. തുടർന്ന് 12.15ഓടെ മുറിയിലെത്തി 12.30ന് കസ്റ്റഡി നടപടി പൂർത്തിയാക്കി പുലർച്ചെയോടെ പത്തനംതിട്ട എആർ ക്യാമ്പിൽ എത്തിച്ചു. എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാഹുലിനെ ചോദ്യം ചെയ്യുകയാണ്.
വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. യുവതിയുടെ മൊഴി എസ്ഐടി വീഡിയോ കോൺഫറൻസിങ് വഴി എടുത്തിട്ടുണ്ട്. പരാതിക്കാരി നിലവിൽ വിദേശത്താണെന്നാണ് സൂചന.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി






































