തിരുവനന്തപുരം: ലൈംഗികാരോപണ പരാതികൾ ഉയർന്നതിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനോപ്പമാണ് രാഹുൽ സഭയിൽ എത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിന് ശേഷം പിവി അൻവറിന് നൽകിയ സീറ്റാണ് ഇപ്പോൾ രാഹുലിന് നൽകിയിരിക്കുന്നത്.
സഭയിൽ യുഡിഎഫ് ബ്ളോക്ക് തീർന്നതിന് ശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാൽ ഒറ്റയ്‌ക്കാണ് ഇരിക്കേണ്ടത്. സ്വന്തം തീരുമാനപ്രകാരമാണ് രാഹുൽ നിയമസഭയിൽ എത്തിയത്. സഭയിൽ വരരുതെന്ന് പാർട്ടി രാഹുലിനോട് നിർദ്ദേശിച്ചിരുന്നില്ല. ആരോപണങ്ങൾക്ക് ശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുൽ. പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം, ചില നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് രാഹുൽ സഭയിലെത്തിയതെന്നാണ് വിവരം. രാഹുലിനെതിരായുള്ള ആരോപണങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദം രാജിവച്ചിരുന്നു.
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായെങ്കിലും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പിവി തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്ന് മുതൽ 19 വരെ, 29, 30 ഒക്‌ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം








































