തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവി രാജിവെക്കണമെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ. രാഹുൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല നേതൃത്വത്തെ അറിയിച്ചു. ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്‌തമാക്കി.
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തടയുന്നതിനോട് ശക്‌തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസ്‌ഥാന നേതൃത്വങ്ങളെ അറിയിച്ചു.
കുറ്റാരോപിതരെ സംരക്ഷിക്കില്ലെന്നും പാർട്ടി നിലപാട് വൈകില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. രാജി സംബന്ധിച്ച് കോൺഗ്രസാണ് തീരുമാനം എടുക്കേണ്ടതെന്ന് സ്‌പീക്കർ എഎൻ ഷംസീറും പറഞ്ഞു. ലൈംഗിക ചൂഷണ പരാതികളുടെ പരമ്പര നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം ഒഴിയാനായി കോൺഗ്രസിൽ വൻ സമ്മർദ്ദമുണ്ട്.
എഴുതി നൽകിയ പരാതി ഇല്ലെങ്കിലും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ രാജിവെച്ചതായി കെ. മുരളീധരൻ പറഞ്ഞു. തുടർനടപടി വേണ്ട എന്നാണ് പാർട്ടി തീരുമാനിച്ചത്. എന്നാൽ, കഴിഞ്ഞദിവസം വന്ന ശബ്‌ദരേഖ പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിച്ചു. അതിന്റെ ആധികാരികത പരിശോധിക്കണം. വസ്‌തുനിഷ്‌ഠമായി പഠിച്ച് ഉചിതമായ തീരുമാനം പാർട്ടി എടുക്കും.
കുറ്റാരോപിതരെ സംരക്ഷിക്കില്ല. ആരോപണങ്ങൾ പാർട്ടി ഗൗരവത്തോടെ കാണുന്നു. ആർക്കും ആരെക്കുറിച്ചും മുൻകൂട്ടിയുള്ള ധാരണയ്‌ക്ക് കഴിയില്ലല്ലോയെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചില അസുഖങ്ങൾ ഉണ്ടെങ്കിൽ എങ്ങനെ മനസിലാക്കും? രോഗം പുറത്തുവരുമ്പോഴല്ലേ മനസിലാകൂ.
നല്ലൊരു ചെറുപ്പക്കാരനായി കണ്ടാണ് പാർട്ടി രാഹുലിനെ സ്‌ഥാനാർഥിയാക്കിയത്. അന്നത്തെ സാഹചര്യത്തിൽ തീരുമാനം ശരിയായിരുന്നു. ഞങ്ങളുടെ രാഷ്‌ട്രീയ എതിരാളികൾ പോലും ഇത്തരം ഒരു വിവാദം പ്രതീക്ഷിച്ചില്ല. പാർലമെന്ററി രംഗത്ത് കൂടുതൽ ചെറുപ്പക്കാർ കടന്നു വരണമെന്നായിരുന്നു പാർട്ടിയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് രാഹുലിനെ മൽസരിപ്പിച്ചതെന്നും കെ. മുരളീധരൻ പറഞ്ഞു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി